പ്രവാസികൾക്ക് നാട്ടിലെത്താതെ തന്നെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള അന്തിമ പോരാട്ടത്തിന് കേരളാ പ്രവാസി അസോസിയേഷൻ തയ്യാറെടുക്കുന്നു..
ഇതിനായി സുപ്രീം കോടതിയിൽ ഹരജി ഫയൽ ചെയ്തു കഴിഞ്ഞു. ഇന്ത്യൻ പ്രവാസികൾക്ക് സമ്മതിദാനവകാശം നേടിയെടുക്കാനുള്ള അന്തിമ പോരാട്ടം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ മുന്നിലെത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് കേരളാ പ്രവാസി അസോസിയേഷൻ (KPA) ഭാരവാഹികൾ അറിയിച്ചു. ഈ ആവശ്യം നേടിയെടുക്കും വരെ അശ്രാന്ത പരിശ്രമം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
കേരളാ പ്രവാസി അസോസിയേഷൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ആദരണീയനായ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തോടെ നടന്നു .
നാഷണൽ കൗൺസിൽ, സ്റ്റേറ്റ് ലോക്കൽ ബോഡി എക്സിക്യൂട്ടീവുകൾ പങ്കെടുത്ത ചടങ്ങിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനവും മുൻപോട്ടുള്ള പ്രവർത്തന രീതികളും വിശദീകരിക്കുകയുണ്ടായി. തുടർന്ന് ആദ്യ പ്രതിനിധി സമ്മേളനവും നടന്നു. കേരളത്തിലെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ക്ഷേമം, ദാരിദ്രനിര്‍മ്മാര്‍ജ്ജനം, കാര്‍ഷികം, ക്ഷീരവികസനം, തൊഴിലില്ലായ്മ നിർമ്മാർജനം, അടിസ്ഥാന സൗകര്യ വികസനം ( കുടിവെള്ളം, പാർപ്പിടം, ആരോഗ്യ പരിരക്ഷ തുടങ്ങിയവ),പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ 36 മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് KPA രാഷ്ട്രീയ പാര്‍ട്ടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങൾ.