ഒമാനിലെ മലയാളികൾക്ക് നാളെ ആത്മ ചൈതന്യത്തിൻ്റെ വിശുദ്ധ നാൾ. വിഷുവും ദുഃഖവെള്ളിയും റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയും ഒന്ന് ചേർന്ന് വന്ന സാഹോദര്യ ആഘോഷങ്ങളുടെയും ആത്മീയതയുടെയും വിശുദ്ധ ദിവസം.
ഇത്തവണ വിഷു വെള്ളിയാഴ്ച ലഭിച്ച സന്തോഷത്തിലാണ് ഒമാനിലെ ഹൈന്ദവ വിശ്വാസികൾ. സാമൂഹിക ഒത്തു ചേരലുകൾക്ക് വിലക്കുകൾ ഉണ്ടെങ്കിലും സ്വന്തം ഫ്ലാറ്റില് ബാച്ചിലർ റൂമു കളിലും വിഷു ആഘോഷിക്കാൻ ഉള്ള തയ്യാറെടുപ്പിൽ തന്നെയാണ് വിശ്വാസികൾ.
വിഷു കണി കണ്ടും , വിഷു കൈനീട്ടം നൽകിയും സദ്യ കഴിച്ചും വിഷു ആഘോഷിക്കാൻ ഒമാനിലെ വിശ്വാസികൾ ഒരുങ്ങിക്കഴിഞ്ഞു.
റമദാൻ മാസം ആയതുകൊണ്ട് പകൽ റസ്റ്റോറൻ്റുകൾ അവധി ആണെങ്കിലും ഒമാനിലെ വിവിധ ഹൈപ്പർ മാർക്കറ്റുകൾ വിഷു സദ്യയുടെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. കുടുംബം ആയി താമസിക്കുന്നവരും ബാച്ചിലർ താമസ ഇടങ്ങളിൽ ഉള്ളവരും ഇത്തരം റെഡി മൈഡ് സദ്യ കളെ ആശ്രയിക്കുന്നു. സ്വന്തമായി സദ്യ തയ്യാറാക്കി കഴിക്കുന്നവരും കുറവല്ല.
യേശുക്രിസ്തുവിൻ്റെ പീഡാനുഭവ സ്മരണ പുതുക്കി നാളെ ഒമാനിലെ ക്രൈസ്തവ സമൂഹം ദുഃഖ വെള്ളി അനുഷ്ഠിക്കുന്നു. ഒമാനിലെ വിവിധ ചർച്ചുകളിൽ ദുഃഖവെള്ളി ശുശ്രൂഷകളിൽ വിശ്വാസി സമൂഹം പങ്കെടുക്കും.
ഒമാനിലെ ചർച്ചിൽ ഇന്ന് നടന്ന ” പെസഹാ വ്യാഴം ” പ്രാർത്ഥനക്കു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേതൃത്വം നൽകി (ഫോട്ടോ:- VK Shafeer). ഞായറാഴ്ചയാണ് ഈസ്റ്റർ.
വിശുദ്ധ റമദാൻ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് നാളെ. രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഒമാനിലെ മസ്ജിദുകൾ വിശ്വാസികളെ സ്വീകരിച്ചു തുടങ്ങിയത്. വിശുദ്ധ റമദാനിലെ രാപ്പകലുകൾ പ്രാർത്ഥന കൊണ്ടു ധന്യമാക്കുന്ന വിശ്വാസി സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്ത വിശുദ്ധ ജുമാ ദിവസമാണ് നാളെ. മസ്ജിദുകൾ ആത്മീയ ചൈതന്യ ത്തിൻ്റെ പ്രാർത്ഥനാ സംഗമം കൊണ്ട് മുഖരിതമാകും.
ആഘോഷങ്ങളും പ്രാർത്ഥനകളും സ്നേഹ സന്ദേശങ്ങളും കൈമാറിയും, ഭക്ഷണങ്ങൾ പരസ്പരം കൈമാറിയും, ഇഫ്താർ വിഭവങ്ങൾ നൽകിയും കൊവിഡ് മാനദണ്ഡങ്ങളുടെ പരിധി ലംഘിക്കാതെ ഒമാനിലെ മലയാളി സമൂഹം നാളെ സൗഹാർദത്തിൻ്റെ വെള്ളിയാഴ്ച കൊണ്ടാടും.
എല്ലാ ആഘോഷങ്ങളും പ്രാർത്ഥനകളും മനുഷ്യ സ്നേഹത്തിൻ്റെയും മാനവിക ഐക്യത്തിൻ്റെയും സന്ദേശം പകരട്ടെ എന്ന പ്രത്യാശയോടെ ഇൻസൈഡ് ഒമാൻ വായനക്കാർക്ക് റമദാൻ പുണ്യത്തിനൊപ്പം ഹൃദയം നിറഞ്ഞ വിഷു ഈസ്റ്റർ ആശംസകൾ നേരുന്നു.