"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിൽ കുട്ടികൾക്ക് കൂടി റസിഡന്റ് കാർഡ് നിർബന്ധമാക്കുന്നതിന് നടപടികളുമായി അധികൃതർ. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ കാർഡ് സ്വന്തമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന് നിർദേശം നൽകി. റോയൽ ഒമാൻ പോലീസിൽ നിന്ന് റസിഡന്റ് കാർഡ് സ്വീകരിക്കണമെന്ന് രക്ഷിതാക്കൾക്ക് ഇന്ത്യൻ സ്‌കൂളുകൾ സർക്കുലർ കൈമാറി.
ഈ മാസം ഒമ്പതിന് മുമ്പായി റസിഡന്റ് കാർഡ് വിവരങ്ങൾ (പതിപ്പ്) സ്‌കൂളിന് സമർപ്പിക്കണമെന്ന് രക്ഷിതാക്കൾക്ക് അയച്ച സർക്കുലറിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ സ്‌കൂളുകളിൽ പുതുതായി പ്രവേശനം നേടുന്നതിന് റസിഡന്റ് കാർഡ് സമർപ്പിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷൻ സമയം റസിഡന്റ് കാർഡ് സ്വന്തമാക്കിയിട്ടില്ലാത്തവർക്ക് പരമാവധി ഒരു മാസം കൂടി സമയം അനുവദിക്കുമെന്നും സർക്കുലറിൽ അറിയിച്ചു.
വിദ്യാർഥികളുടെ റസിഡന്റ് കാർഡ് വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഓൺലൈൻ ലിങ്കും രക്ഷിതാക്കൾക്ക് വിവിധ സ്‌കൂളുകൾ കൈമാറിയിട്ടുണ്ട്. സെപ്തംബർ ഒമ്പതിന് മുമ്പ് ലിങ്കിൽ വിവരങ്ങൾ രേഖപ്പെടുത്തണമെന്നും വിദ്യാഭ്യാസ മന്ത്രാലയം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദേശം നൽകുന്നതെന്നും ഇന്ത്യൻ സ്‌കൂൾ സർക്കുലറിൽ വ്യക്തമാക്കുന്നു.
അതേസമയം, നിരവധി വിദ്യാർഥികൾ ഇതിനോടകം റസിഡന്റ് കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർഥികൾ റസിഡന്റ് കാർഡിനുള്ള ശ്രമങ്ങൾ ആരംഭിക്കും. റോയൽ ഒമാൻ പോലീസ് കുട്ടികൾക്കുള്ള റസിഡന്റ് കാർഡ് നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.