കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് വാക്സിന്റെ രണ്ടാം ഡോസ് 28 ദിവസത്തിനുശേഷം എടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കോവിന്‍ വെബ്സൈറ്റില്‍ ഇതിന് വേണ്ട മാറ്റങ്ങള്‍ വരുത്താനും കോടതി നിര്‍ദേശിച്ചു. കിറ്റെക്സിന്റെ ഹരജിയാലാണ് നിര്‍ദേശം. കോവിഷീല്‍ഡ് വാക്സിന്‍ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാനാകൂവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇത് തള്ളിക്കൊണ്ടാണ് ആവശ്യക്കാര്‍ക്ക് രണ്ടാം ഡോസ് 28-ദിവസത്തിനകം എടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവില്‍ സംസ്ഥാനത്ത് വിദേശത്ത് പോകുന്നവര്‍ക്ക് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കുന്നുണ്ട്. പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനത്തിലാണ് ഇത് നടപ്പാക്കുന്നത്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ വാക്സിന്‍ ലഭിക്കാത്തതെന്ന് കോടതി ആരാഞ്ഞു.

വിവേചനം ചൂണ്ടിക്കാട്ടിയാണ് ആവശ്യക്കാര്‍ക്കെല്ലാം 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് എടുക്കാമെന്ന ഉത്തരവ് ഹൈക്കോടതി ഇറക്കിയത്. ജസ്റ്റിസ് പി.വി. സുരേഷ്‌കുമാറാണ് ഇത് സംബന്ധിച്ച ഹരജി പരിഗണിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം കോടതി നേരത്തെ തേടിയിരുന്നു.

2021 ജനുവരിയില്‍ വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ കൊവിഷീല്‍ഡ് വാക്‌സീന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 42 ദിവസമായിരുന്നു. പിന്നീട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ഇടവേള 84 ദിവസമാക്കി ഉയര്‍ത്തിയിരുന്നു. വാക്‌സിന്റെ ഗുണഫലം വര്‍ധിപ്പിക്കാനാണ് ഇടവേള വര്‍ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Leave a Reply

Your email address will not be published. Required fields are marked *