പൊള്ളുന്ന ടിക്കറ്റ് നിരക്ക് പ്രവാസികളെ വലയ്ക്കുന്നു

സെപ്തംബർ ഒന്ന് മുതൽ ഒമാൻ ഇന്ത്യക്കാർക്കുൾപ്പടെ പ്രവേശനാനുമതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. കേരള സെക്ടറുകളിൽ നിന്ന് മസ്‌കത്തിലേക്ക് അഞ്ചിരട്ടിയോളം നിരക്ക് വർധിച്ചു. ആദ്യ ദിവസങ്ങളിൽ ടിക്കറ്റ് ലഭിക്കാനില്ലാത്ത സാഹചര്യമാണ്. എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസുകൾ മാത്രമാണ് നിലവിലുള്ളത് എന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒമാനിൽ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കിലും നേരിയ വർധനവുണ്ടായി.
സെപ്തംബർ ആദ്യ വാരങ്ങളിൽ കൊച്ചിയിൽ നിന്ന് മസ്‌കത്തിലേക്ക് 235 ഒമാൻ റിയാലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നിരക്ക്. സെപ്തംബർ 15ന് ശേഷം മാത്രമാണ് ടിക്കറ്റ് നിരക്ക് കുറയുന്നത്. അപ്പോഴും 150 റിയാലിന് മുകളിൽ നൽകണം. തുടർന്നുള്ള ദിവസങ്ങളിൽ നേരിയ തോതിൽ നിരക്ക് കുറയുണ്ടെങ്കിലും 100 റിയാലിന് മുകളിലാണ് നിരക്ക്.

കോഴിക്കോട് – മസ്‌കത്ത് റൂട്ടിൽ സലാം എയറിന് സെപ്തംബർ 10 വരെയുള്ള സർവീസുകളിൽ ടിക്കറ്റ് ലഭ്യമല്ല. തുടർന്നുള്ള ദിവസങ്ങളിൽ 264 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്. അടുത്ത മാസം അവസാനം ഇതേ നിരക്ക് തുടരും. തിരുവനന്തപുരം – മസ്‌കത്ത് റൂട്ടിൽ സെപ്തംബർ 10ന് ശേഷമാണ് ടിക്കറ്റ് ലഭ്യമായിട്ടുള്ളത്. 199 റിയാലാണ് ഉയർന്ന ടിക്കറ്റ് നിരക്ക്.
എന്നാൽ, കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ്. സെപ്തംബർ ആദ്യ വാരത്തിൽ 169 റിയാലാണ് നിരക്ക്. രണ്ടാം വാരം അവസാനത്തോടെ 143 റിയാലായി കുറയുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ 87 റിയാലിന് വരെ ടിക്കറ്റ് ലഭ്യമാകുന്നുണ്ട്. ഇതേ സെക്ടറുകളിൽ ഒമാൻ എയർ ടിക്കറ്റ് നിരക്ക് 300 റിയാലിന് മുകളിലാണ്.
ഇതിനിടെ, യാത്രാ വിലക്ക് നീങ്ങിയതിന് പിന്നാലെ നാട്ടിലേക്ക് യാത്ര തിരിക്കുന്നവരും വർധിച്ചു. ഇതോടൊപ്പം കേരള സെക്ടറുകളിലേക്കുള്ള ടിക്കറ്റ നിരക്കും ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ 50 റിയാലിന് വരെ ലഭിച്ചിരുന്ന ടിക്കറ്റിന് ഇപ്പോൾ 80 റിയാലിന് മുകളിൽ നൽകണം. ചില സർവീസുകളിൽ 100 റിയാലിന് മുകളിൽ നൽകണം.

മടങ്ങിവരാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിൽ കഴിയുന്ന പ്രവാസികൾക്ക് ഒമാനിലേക്കുള്ള ഉയർന്ന ടിക്കറ്റ് നിരക്ക് തിരിച്ചടിയാകും. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്ക് പിൻവലിച്ചപ്പോഴാണ് ഇതിന് മുമ്പ് ഇത്രയും ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടിവന്നത്. കുറഞ്ഞ സർവീസുകൾ മാത്രമാണ് ഇന്ത്യക്കും ഒമാനും ഇടയിൽ നിലവിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് നിരക്ക് കുറയുമെന്നുമുള്ള പ്രതീക്ഷയിലാണ് പ്രവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *