പ്രശസ്ത ഡോക്ടറും സോഷ്യൽ മീഡിയ എഴുത്തു കാരിയും Rapid Reponse Team at World Health Organization (WHO) അംഗവുമായ ഡോക്ടർ ഷിംന അസീസ് കോവിഡ്-19 സംബന്ധിച്ച ഫേക്ക് മെസ്സേജുകൾ ഫോർവേഡ് ചെയ്യരുതെന്ന് നിർദ്ദേശിച്ചു കൊണ്ടുള്ള ഫേസ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

പോസ്റ്റ് വായിക്കാം

അരുത്‌, ഫോർവേഡ്‌ ചെയ്യരുത്‌ !!
അടുത്ത 72 മണിക്കൂർ നിർണായകമാണെന്ന്‌ മനസ്സാ വാചാ കർമ്മണാ ലോകാരോഗ്യസംഘടന ഐസിഎംആറിനോട്‌ പറഞ്ഞിട്ടില്ല. സംശയമുണ്ടെങ്കിൽ WHOയുടെയോ ICMRന്റെയോ വെബ്‌സൈറ്റിൽ പോയി തപ്പിക്കോളൂ. ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസേർച്ച്‌ എന്ന ICMRനെ ‘നടുമദ്ധ്യം’ എന്ന്‌ പറയുന്ന കണക്ക്‌ ‘ഐസിഎംആർ ഇന്ത്യ’ എന്ന്‌ പറഞ്ഞതും എന്താണോ എന്തോ !
ഇന്ത്യയിൽ ഉടനീളം കമ്മ്യൂണിറ്റി എക്‌സ്‌ചേഞ്ച്‌ നടക്കുമെന്നോ അടുത്ത 72-108 മണിക്കൂർ പെരക്കകത്ത്‌ കുത്തിയിരിക്കണം എന്നോ അല്ല ഈ പറഞ്ഞ രണ്ട്‌ സ്‌ഥാപനങ്ങളും പറഞ്ഞിട്ടുള്ളത്‌, ഇന്ത്യ പഴയ പടിയാവാൻ ആഴ്‌ചകളും മാസങ്ങളും ഒക്കെയെടുക്കുമെന്നാണ്‌, അതിന്‌ വേണ്ടുന്ന നടപടികൾ ചെയ്യണമെന്നാണ്‌. ഇത്തരം കാര്യങ്ങളുടെ വിശദാംശങ്ങളും നെറ്റിലുണ്ട്‌. ആവശ്യല്ലാത്ത സകലതും ഗൂഗിൾ ചെയ്യുന്നതല്ലേ, ഇതുങ്കൂടി തപ്പരുതോ? നഗര ആശുപത്രികളിൽ മാത്രമല്ല, ടെക്‌നിക്കലി എല്ലാ ആശുപത്രികളിലും ബെഡ്‌സ്‌പേസ്‌ ഇപ്പോൾ കുറവാണ്‌. ഓക്‌സിജൻ എല്ലായിടത്തും എത്തിക്കാൻ സിസ്‌റ്റം നല്ലോണം ചക്രശ്വാസം വലിക്കുന്നുണ്ട്‌. ഈ കെട്ട കാലത്ത് പറ്റുന്നതും എല്ലാരും വീട്ടിലിരിക്കുന്നത് നല്ലത് തന്നെ, അത്‌ പക്ഷേ, ഇങ്ങനെ ഇല്ലാക്കഥ പറഞ്ഞ് പേടിപ്പിച്ചല്ല ചെയ്യേണ്ടത്.
ഇനി മെസേജിൽ തുടർന്നുള്ള ഗമണ്ടൻ നിർദേശങ്ങളിലേക്ക്‌…
01 ‘ആമാശയം ശൂന്യമാക്കരുത്’ –
(അതെന്താ, ആമാശയം ഫുൾ ആയിരുന്നാൽ കോവിഡ്‌ മനം മടുത്ത്‌ കണ്ടം വഴി ഓടുമോ?? )
02 ഉപവസിക്കരുത് അഥവാ ഭക്ഷണം കഴിക്കാതിരിക്കരുത്.
(അപ്പോ പിന്നെ ‘നോമ്പുകാലത്ത്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’ എന്ന്‌ പറഞ്ഞ്‌ സുവ്യക്‌തമായ നിർദേശങ്ങൾ കഴിഞ്ഞ മാസം ലോകാരോഗ്യസംഘടന പുറത്തിറക്കിയതോ? ഉപവസിച്ചാലും ഇല്ലെങ്കിലും വരാനുള്ള കൊറോണ വഴീൽ തങ്ങൂല. വേണ്ടത്‌ ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങളാണ്‌)
03 ദിവസവും ഒരു മണിക്കൂർ തീർച്ചയായും സൂര്യപ്രകാശം ആസ്വദിക്കുക.
(ആസ്വദിക്കാൻ സൂര്യപ്രകാശം എന്താ അവഞ്ചേഴ്‌സിന്റെ സിനിമയോ !! വെറുതേ വെയിൽ കൊണ്ട്‌ ബാർബിക്യൂ ആവേണ്ട. ഇനിയിപ്പോ കൊള്ളണമെന്ന്‌ നിർബന്ധമുണ്ടെങ്കിൽ രാവിലേം വൈകീട്ടും കുറച്ച്‌ നേരം ആയിക്കോട്ടെ, അത്‌ കൊണ്ട്‌ പക്ഷേ കൊറോണ പോവൂല. അതിന്‌ വേണ്ടി വെയിൽ കൊള്ളേണ്ട)
04 കഴിവുള്ളടത്തോളം എസി ഉപയോഗിക്കാതിരിക്കക.
(പൊതുസ്‌ഥലത്ത്‌ എസിയിട്ട്‌ അടച്ച്‌ പൂട്ടാതെ വായുസഞ്ചാരം ഉറപ്പ്‌ വരുത്തുന്നത്‌ തന്നെയാ രോഗപ്പകർച്ച തടയാൻ നല്ലത്‌. അല്ലാതെ വീട്ടിൽ എസിയിടുന്നത്‌ കൊണ്ടൊന്നും യാതൊരു പ്രശ്‌നവുമില്ല)
05 ചെറുചൂടുള്ള വെള്ളം മാത്രം കുടിക്കുക.
(നേരാ, തൊണ്ടക്ക്‌ ഒരു സുഖമൊക്കെ കിട്ടും. പക്ഷേങ്കില് ഇതോണ്ടൊന്നും കോവിഡ്‌ വൈറസ്‌ ചാവൂല)
06 ഓരോ പച്ചക്കറികളിലും അര ടീസ്പൂൺ പൊടിച്ച ഇഞ്ചി ചേർക്കുക.
(ഇതൊക്കെ ലോകാരോഗ്യസംഘടന പറഞ്ഞൂന്ന്‌ ശരിക്കും നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക്‌ ശരിക്കും കാര്യായ തകരാറെന്തോ ഉണ്ട്‌… പ്രതിരോധശേഷി എന്തെങ്കിലും കഴിച്ച്‌ ‘ഉണ്ടാക്കാൻ’ കഴിയില്ല. അസ്വാഭാവികമായ ഭക്ഷണശീലങ്ങൾ ദഹനസംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കാം)
07 കറുവപ്പട്ട ഉപയോഗിക്കുക.
(നല്ലതാ…. നെയ്ച്ചോറ് വയ്‌ക്കുമ്പൊ ആണെന്ന് മാത്രം… )
08 രാത്രിയിൽ ഒരു കപ്പ് പാൽ ചേർത്ത് ഒരു ടീസ്പൂൺ മഞ്ഞൾ കുടിക്കുക.
(പാൽ നെറച്ചും കാൽസ്യമാണല്ലോ. ദിവസോം കുടിച്ചോളൂ, എല്ലും പല്ലുമൊക്കെ സ്‌ട്രോങ്ങാവട്ട്‌ !! അപ്പോ കൊറോണ?? നിങ്ങൾ കുടിക്കുന്ന കൂട്ടത്തിൽ അതിനും കൊട്‌ കൊറച്ച്‌ മഞ്ഞൾ ഫ്ലേവറുള്ള പാല്‌, ജന്തൂന്‌ സന്തോഷാവട്ട്‌. വേറേ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ല… )
09 വീട്ടിൽ കർപ്പൂരവും ഗ്രാമ്പൂവും ഉപയോഗിച്ച് പുകയ്ക്കുക.
(കൊറോണ ശ്വാസം മുട്ടി ചാകട്ടെ എന്നാണുദ്ദേശമെങ്കിലും പകരം കൊതുകടിക്ക് അല്പം കുറവുണ്ടാവും എന്ന് മാത്രം… ഹും… )
10 രാവിലെ ചായയിൽ ഗ്രാമ്പൂ ചേർത്ത് തിളപ്പിക്കുക.
(ദോഷം പറയരുതല്ലോ, നല്ല ടേസ്‌റ്റാണ്‌…. രണ്ട്‌ ഏലക്ക കൂടെ ഇട്ടോളൂ… )
11 പഴങ്ങളിൽ ഓറഞ്ച് മാത്രം കഴിക്കുക.
(എല്ലാ പഴോം കഴിച്ചോളൂ.. നെറച്ചൂം പോഷകങ്ങളാണ്‌.)
 
ഇതൊക്കെ ചെയ്‌താൽ കൊറോണ പോവുമെന്നും പാലിൽ മഞ്ഞൾ കലക്കി കുടിക്കാൻ വീണ്ടാമതും മെസേജേട്ടൻ പറയുന്നുണ്ട്‌. രജനി സെർ പറഞ്ഞ പോലെ ‘റിപ്പീട്ടെ…’ ആവും.
കഴിയുന്നത്ര വീട്ടിൽ തന്നെയിരിക്കുക. അഥവാ പുറത്തിറങ്ങുന്നെങ്കിൽ മാസ്‌ക്‌ കൃത്യമായി ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ശാരീരിക അകലം പാലിക്കുക, ഊഴമെത്തുമ്പോൾ വാക്‌സിനെടുക്കുക.
ആ പിന്നേ, ഇത്തരം മെസേജുകൾ ദയവ്‌ ചെയ്‌ത്‌ ഫോർവേഡ്‌ ചെയ്യാതിരിക്കുക. കൊറോണ വൈറസ്‌ വരെ കമിഴ്‌ന്ന്‌ കിടന്ന്‌ കൊമ്പുകുത്തി ചിരിക്കുകയാണ്‌.
എന്തൊരവസ്‌ഥയാണ്‌ !!
Dr. Shimna Azeez

Leave a Reply

Your email address will not be published. Required fields are marked *