ഒമാൻ റുവി kmcc നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

ഷമീർ പി ടീ കെ യുടെ ഫേസ്ബുക്ക് പോസ്റ്റ്.

സെപ്റ്റംബർ ഇരുപത്തി ഏഴാം തിയ്യതിയാണ് അടിയന്തിരമായി ഹോസ്പിറ്റൽ വരെ ഒന്ന് വരാമോ എന്നു ചോദിച്ചു കൊണ്ട് റോയൽ ഹോസ്പിറ്റലിൽ നിന്നും സ്വദേശി നഴ്സ് ഹമീദയുടെ ഫോൺ വരുന്നത്. അവിടെ എത്തിയപ്പോൾ അവർ നേരെ കൂട്ടികൊണ്ട് പോയത് ഐസൊലേഷൻ വാർഡിലേക്കാണ്. കോവിഡ് ബാധിച്ച് അവശനിലയിൽ കഴിയുന്ന രോഗികളുടെ വാർഡ്. അവരുടെ കൂട്ടത്തിൽ വെന്റിലേറ്റർ സഹായത്തോടെ ജീവവായു ശ്വസിച്ചു അബോധാവസ്ഥയിൽ അവശനിലയിൽ കിടക്കുന്ന ഒരു രോഗിയെ ചൂണ്ടിക്കാട്ടി പറഞ്ഞു ഇയാൾ ഇന്ത്യക്കാരനാണ്. 2 മാസത്തോളമായി ഐ സി യു വിൽ, ഇപ്പോൾ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്നും ലഭിക്കുന്ന ചികിത്സ ഇങ്ങിനെ തുടരുന്നതിലും നല്ലത് ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ട് പോകലാണ്. അതിന് ശ്രമിക്കണം. കുടുംബത്തിന്റെ പരിചരണം ലഭിച്ചാൽ ചിലപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതയുണ്ട്.

കോവിഡിന്റെ പിടിയിൽ അകപ്പെട്ട് ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ നീങ്ങുന്ന നിരവധി പേരിൽ ഒരാളായിരുന്നു അയാൾ. ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപാണ് കൊല്ലം സ്വദേശിയായ രാജേന്ദ്ര പ്രസാദ് മസ്കത്തിലെ ഖുറിയാത്തിൽ ഉപജീവനം തേടിയെത്തുന്നത്. ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി തുടങ്ങി. പിന്നീട് ഒരു ചെറിയ വർക്ക്ഷോപ്പ് സ്വന്തമാക്കി അവിടെയായി ജോലി. ഇടക്ക് പ്രമേഹവും അമിത രക്തസമ്മർദ്ദവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വില്ലനായി കോവിഡ് എത്തുന്നത്. രോഗബാധിതനായ സ്‌പോൺസറുമായുള്ള സമ്പർക്കം മൂലമാണ് പ്രസാദിന്റെ ശരീരത്തിലും വൈറസ് ബാധയുണ്ടാകുന്നത്.

കലശലായ ക്ഷീണവും ശക്തമായ ശരീരവേദനയുമായാണ് ജൂലൈ 17 ന് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. അവിടുന്നുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം മൂർച്ഛിക്കുകയും ശ്വാസ തടസ്സവും ഓക്സിജൻ സാച്ചുറേഷൻ ഗണ്യമായി കുറയുകയും ചെയ്തപ്പോൾ ഖുറിയാത്തിലെ സർക്കാർ ആശുപത്രയിൽ നിന്നും റോയൽ ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ മാറ്റി. തീവ്രപരിചണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ജീവൻ പിടിച്ചു കിടന്നത് രണ്ട് മാസം.

നാട്ടിലേക്ക് കൊണ്ട് പോകണമെങ്കിൽ ഒരു ഡോക്ടറിന്റെയും നഴ്‌സിന്റെയും എസ്കോർട്ടോട് കൂടി സ്‌ട്രെച്ചറിൽ വെന്റിലേറ്റർ സപ്പോർട്ടിൽ മാത്രമേ സാധിക്കുയായുള്ളൂ. ചുരുങ്ങിയത് 3000 റിയാലോളം (5.75 ലക്ഷം രൂപ) വേണം. രണ്ട് മാസത്തെ ആശുപത്രി ബിൽ 6,500/- റിയാൽ വേറെയും. ആശുപത്രി ഡയറക്ടറെ കണ്ട് ബില്ല് അടക്കാനുള്ള സാഹചര്യം ഇല്ല എന്ന് ബോധ്യപ്പെടുത്തുകയും മുഴുവൻ ബില്ലും ഒഴിവാക്കി തന്നാൽ രോഗിയെ നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള ക്രമീകരണങ്ങൾ ഏർപ്പാടാക്കാം എന്ന് അറിയിക്കുകയും ചെയ്തു. കാരുണ്യത്തിന്റെ കൈത്താങ്ങ് ആദ്യം അവിടുന്ന് കിട്ടി. ചികിത്സാ ചിലവ് അവർ മുഴുവനായും ഒഴിവാക്കി.

അടുത്തത് യാത്രാ സംബന്ധമായ ഏർപ്പാടുകൾ ചെയ്യണം. വെന്റിലേറ്റർ സപ്പോർട്ടോട് കൂടിയ സ്‌ട്രെച്ചർ ടിക്കറ്റിന് 2200 റിയാലോളം വേണം. നാട്ടിലുള്ള രാജേന്ദ്ര പ്രസാദിന്റെ സഹോദരൻ ഗോപകുമാറിനെ ബന്ധപ്പെടുകയും രോഗിയായ ഭർത്താവിനെ നാട്ടിലെത്തിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് അപേക്ഷിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു നിവേദനം ഒമാനിലെ ഇന്ത്യൻ എംബസിയിലേക്ക് അയപ്പിക്കുകയും ചെയ്തു. കാര്യത്തിന്റെ ഗൗരവം ശരിയായ രീതിയിൽ ഉൾകൊണ്ട ഇന്ത്യൻ എംബസ്സി, സ്‌ട്രെച്ചർ ടിക്കറ്റിന്റെ ചിലവ് വഹിക്കാൻ സമ്മതിച്ചത് ആശ്വാസമായി. അർഹരായവർക്ക് ഇന്ത്യൻ എംബസ്സിയുടെ കമ്മ്യൂണിറ്റി വെൽ‌ഫെയർ ഫണ്ടിൽ നിന്നും ലഭിക്കുന്ന സഹായം എന്നും ഒരു ആശ്വാസമാണ്. ഇന്ത്യൻ അംബാസ്സഡറും കമ്മ്യുണിറ്റി വെൽഫെയർ വിംഗിലെ ഫസ്റ്റ് സിക്രട്ടറി ഇർഷാദ് അഹമ്മദും അറ്റാഷെ രഞ്ജൻ മൊണ്ടലും ഇത്തരം കാര്യങ്ങളിൽ എന്നും അനുഭാവപൂർണ്ണമായ സഹകരണമാണ് തുടരുന്നത്.

ഇനിയും വേണം ആയിരത്തോളം റിയാലും കൂടെ യാത്ര ചെയ്യുന്നതിനുള്ള ഡോക്ടറും നഴ്‌സും. കോവിഡ് കാലമായതിനാൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ഒരു ആശുപത്രി അധികൃതരും വിട്ടു തരില്ല. യാത്ര കഴിഞ്ഞു തിരിച്ചെത്തിയാൽ ഒമാനിൽ 14 ദിവസത്തെ നിർബന്ധിത ക്വറന്റൈനുണ്ട്. ജീവനക്കാരുടെ ക്ഷാമവും രോഗികളുടെ ആധിക്യവും കൊണ്ട് വലയുന്ന ആതുരാലയങ്ങൾക്ക് ഒരു ദിവസം പോലും ആരോഗ്യ പ്രവർത്തകരെ മറ്റു സേവനങ്ങൾക്ക് വിട്ടുതരുവാൻ സാധിക്കില്ല എന്നതാണ് സത്യം.

ഇതിനിടയിലാണ് ഖുറിയാത്തിലെ രാജേന്ദ്രപ്രസാദിന്റെ സുഹൃത്തുക്കളായ അനീഷും ബാബുവും ബന്ധപ്പെടുന്നത്. അവരോട് കാര്യങ്ങൾ അവതരിച്ചപ്പോൾ നിങ്ങൾ മുന്നോട്ട് പൊയ്ക്കോളൂ ഡോക്ടറുടെയും നഴ്‌സിന്റെയും യാത്രാ സംബന്ധമായ എല്ലാ ചിലവുകളും ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞത് വലിയ ആശ്വാസമായി. പക്ഷെ ആര് വിട്ടു തരും ആരോഗ്യ പ്രവർത്തകരെ? റോയൽ ഹോസ്പിറ്റലിൽ നിന്നും നാട്ടിലേക്ക് പോകുന്ന നഴ്‌സുമാരെ കോൺടാക്ട് ചെയ്തു. നിരാശയായിരുന്നു ഫലം. അവസാനം ഹമീദയുടെയും സഹപ്രവർത്തക മുന യുടെയും നിരന്തരമായ സമ്മർദ്ദം കൊണ്ട് ഡോക്ടറെയും നഴ്‌സിനെയും വിട്ടു തരാൻ റോയൽ ഹോസ്‌പിറ്റൽ അധികൃതരും തയ്യാറായി. അങ്ങിനെ എമർജൻസി മെഡിസിനിലെ ഡോക്ടർ സാദ് അൽ ജുമയും പലതവണയും ഇത് പോലുള്ള അവസരങ്ങളിൽ സഹായിച്ചിട്ടുള്ള നഴ്സ് അബ്ദുള്ള അൽ വഹൈബിയും രാജേന്ദ്ര പ്രസാദിനെ നാട്ടിലേക്ക് കൊണ്ട് പോകുവാനുള്ള ദൗത്യം ഏറ്റെടുത്തു.

പിന്നീട് ശരവേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. കോവിഡ് നിയന്ത്രങ്ങൾക്കിടയിൽ ഭാഗികമായി പ്രവർത്തിക്കുന്ന ഇന്ത്യൻ എംബസ്സിയിൽ നിന്നും ഡോക്ടർ സാദിന്റെ വിസ മണിക്കൂറുകൾക്കകം ഇഷ്യു ചെയ്ത് കിട്ടിയത് കോൺസുലർ വിംഗ് സെക്കൻഡ് സിക്രട്ടറി കണ്ണൻ നായർ സാറിന്റെയും ബി എൽ എസ് സ്റ്റാഫ് അനിലിന്റെയും ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ്.

യാത്രാ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് ഇന്നലെ രാവിലെ രാജേന്ദ്ര പ്രസാദിന്റെ ആരോഗ്യ നില പെട്ടെന്ന് വഷളായത്. ഒരു വേള യാത്ര ചെയ്യുന്നത് പോലും അപകടമാകുമോ എന്ന തോന്നൽ വരെ ഉണ്ടായി. റിസ്ക് എടുത്തും കൊണ്ട് പോകാൻ തയ്യാറായ ഡോകടർ സാദിന്റെ നിശ്ചയദാർഢ്യമാണ് അവിടെ സഹായകമായത്.

അങ്ങിനെ നീണ്ട മൂന്ന് മാസത്തെ ആശുപത്രി വാസത്തിനു ശേഷം രാജേന്ദ്രപ്രസാദ് ഇന്നലെ നാട്ടിലെത്തി. ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽ കടന്നെത്തിയ മറ്റൊരു പ്രവാസി കൂടി രോഗബാധിതനായി നാടണഞ്ഞു. ജീവിതയാഥാർഥ്യങ്ങൾ നമ്മുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും കരിനിഴലായി വീഴുന്നത് എപ്പോൾ ആണെന്ന് നമുക്കാർക്കും അറിയില്ല. ഒരു വീഴ്ച, അല്ലെങ്കിൽ ഒരു ചുമ അതുമല്ലെങ്കിൽ ശരീരോഷ്മാവ് ഒരു സെൽഷ്യസ് കൂടിയാൽ മതി, എല്ലാം കീഴ്മേൽ മറിയാൻ. കോട്ടകെട്ടിയ സ്വപ്നങ്ങളൊക്കെ അത് തച്ചുടക്കും. നിലമില്ലാ കഴത്തിലേക്ക് നമ്മളെങ്ങിനെ താഴ്ന്നു പോകും

നമുക്ക് അത്ഭുതങ്ങൾ പ്രതീക്ഷിക്കാം. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ

സർവ്വ ശക്തൻ രാജേന്ദ്ര പ്രസാദിന്റെ രോഗം പെട്ടെന്ന് ഭേദമാക്കട്ടെ.
ഇത്തരം പ്രയാസങ്ങളിൽ നിന്നും എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ

ഷമീർ പി ടി കെ
മസ്കത്ത്
30/10/2020

Leave a Reply

Your email address will not be published. Required fields are marked *