ലണ്ടനിലെ പ്രേതം (കഥ)
By ഷെരീഫ് ഇബ്രാഹിം.
——————-
ആതിഥേയനെ എനിക്ക് മറക്കാൻ കഴിയില്ല. ലണ്ടനിലെ ഈസ്റ്റ് ഫിഞ്ചെലിയിൽ ബ്രിട്ടീഷ് പൌരത്തമുള്ള ഈജിപ്തുകാരനായ ഡോക്ടർ റധ്വാൻ ആയിരുന്നു എന്റെ ആതിഥേയൻ. തണുപ്പ് വളരെ കൂടുതലുള്ള സമയത്തായിരുന്നു എന്റെ ലണ്ടൻ സന്ദർശനം. മിക്ക വീടുകളുടെയും കർട്ടനുകൾ തൂവെള്ള തുണികൊണ്ടുള്ളതായിരുന്നു. രാത്രിയിൽ വീടുകളിലേക്ക് നോക്കുമ്പോൾ വലിയ പേടിയാവാറുണ്ട്. എനിക്കാണെങ്കിൽ പ്രേതത്തിനെ തീരെ വിശ്വാസമില്ല, പകലാണെങ്കിൽ മാത്രം. രാത്രിയായാലും പേടിയില്ല, ഭയം മാത്രം ഉണ്ടാവാറുള്ളൂ. കാരണം പകലും രാത്രിയും വെളിച്ചത്തിൽ മുങ്ങിയ അബൂദാബി ആയിരുന്നുവല്ലോ പതിനെട്ട് വയസ്സ് മുതൽ എന്റെ പോറ്റമ്മ.
ക്രിസ്മസ് കരോൾ കാണാൻ ഡോക്ടർ ക്ഷണിച്ചു. കരോൾ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. യാത്രാക്ഷീണവും സഹിക്കാൻ പറ്റാത്ത തണുപ്പും കാരണം മനമില്ലാമനസ്സോടെ ഞാനത് ഉപേക്ഷിച്ചു.
അത്താഴം കഴിഞ്ഞ് ഡോക്ടറും കുടുംബവും കരോൾ കാണാൻ പോയി. അത്താഴം കഴിച്ചപ്പോഴാണ് എന്റെ ഭാര്യയുടെ ഭക്ഷണത്തിന്റെ രുചി ഓർമ വന്നത്. നല്ലവരായ ഡോക്ടറുടെ ഭാര്യ ഒരു ഫ്ലാസ്കിൽ നിറയെ ചായയും കഴിക്കാൻ സ്നാക്സും എന്റെ റൂമിലെ മേശപ്പുറത്ത് വെച്ചു.
ഉറക്കം വരുന്നില്ല. കുറച്ച് മുമ്പ് ക്രിസ്തീയ സഭയിലെ ഒരു വിഭാഗമായ ആങ്ക്ലിക്കൻചർച്ച്കാരുടെ പള്ളിയിൽ നിന്നും തന്ന ചില ബുക്കുകൾ വായിച്ചു. ഈ ആംഗ്ലിക്കൻചർച്ച്കാരുടെ അച്ചന്മാർക്ക് വിവാഹം കഴിക്കാമെന്നാണ് എന്റെ അറിവ്. ഞാൻ വെറുതെ കർട്ടൻ നീക്കി ആ പള്ളിയിലേക്ക് നോക്കി. പുറത്ത് നല്ല മഞ്ഞുണ്ട്. ചന്ദ്രികാചർച്ചിതമായ നിലാവുള്ള രാത്രി. പള്ളിയും വളരെ ഉയരത്തിലുള്ള കുരിശും കാണാം. അടുത്തുള്ള സെമിത്തേരിയിലേക്ക് ഞാൻ കണ്ണോടിച്ചു. ആ ശവകുടീരത്തിന്മേലുള്ള കുരിശ് വെട്ടി തിളങ്ങുന്നു. എത്രയോ മനുഷ്യർ അവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്ന് ഒരു നിമിഷം ചിന്തിച്ചു.
റൂമിൽ ഹീറ്റെറിന്റെ മർമരശബ്ദം. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.
മേശപ്പുറത്ത് പുതിയ കോഫീയും. പല്ല് തേക്കാതെ പച്ചവെള്ളം പോലും ജീവിതത്തിൽ കഴിക്കാത്ത സ്വഭാവം ഉള്ളത് കൊണ്ട് പല്ല് തേപ്പും കുളിയും കഴിഞ്ഞ് വന്നപ്പോൾ ഡോക്ടർ എന്നെയും കൊണ്ട് യാത്രക്ക് റെഡി.
‘നമുക്കൊരു ഔട്ടിങ്ങിന് പോകാം, തിരിച്ചു വരുമ്പോൾ ഒരു സിനിമക്കും പോകുകയും ചെയ്യാം. എന്താ ഷരീഫിന്റെ അഭിപ്രായം?’ ഡോക്ടർ ചോദിച്ചു.
ഞാനെപ്പോഴേ തയ്യാർ. റൂമിൽ അടയിരിക്കാനല്ലല്ലോ ഇത്രയും ദൂരം വന്നത്. രാജ്യങ്ങൾ കണ്കു്ളിർക്കെ കാണുക, ആ നാട്ടിലെ ചരിത്രം പഠിക്കുക, അവയൊക്കെ ലേഖനമാക്കുക ഇതൊക്കെയാണല്ലോ എന്റെ ലക്ഷ്യം.
‘ആയ്ക്കോട്ടെ’ എന്ന് ഒഴുക്കൻ മട്ടിൽ ഞാന്‍ മറുപടി കൊടുത്തു.
ഞങ്ങൾ തീയ്യേറ്ററിലേക്ക് പോയി. കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ സിനിമയുടെ പേര് ഞാൻ നോക്കി. നാളെ ആരെങ്കിലും ചോദിച്ചാൽ പറയണമല്ലോ? THE EVIL’S DEATH.
ഡോക്ടറും കുടുംബവും ഇതേ പടം അഞ്ചാമത്തെ പ്രാവശ്യമാണത്രെ കാണുന്നത്. സൌണ്ട് സിസ്റ്റം വളരെ നല്ലതാണ്. ഇരിക്കുന്ന സീറ്റിന്റെ അടിയിലാണ് സ്പീക്കർ. എന്ത് മനോഹരമായ പടം. മനുഷ്യൻ ചെകുത്താനാവുന്നതും ശരീരം പഴുത്ത് ചലവും രക്തവുമായി പുഴുവരിക്കുന്നതും കാണാൻ എന്ത് രസം.
വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ ഡോക്ടർ ചോദിച്ചു ‘ഷെരീഫിന് പ്രേതങ്ങളിൽ വിശ്വാസമുണ്ടോ?’
‘ഏയ്. അതൊക്കെ അന്ധവിശ്വാസമാണ്. തന്നെയല്ല, എന്നെ പ്രേതം കടിച്ച് രക്തം കുടിക്കില്ല’ ഞാൻ നിസ്സാരഭാവത്തിൽ പറഞ്ഞു.
‘അതെന്താ കാരണം?’
‘എന്റെ ശരീരം കാണുമ്പോൾ തന്നെ വായയിൽ പോലും കൊള്ളാനുള്ള രക്തമില്ലെന്ന് മനസ്സിലാക്കി ഡ്രാക്കുള പോലും എന്നെ ശ്രദ്ധിക്കാതെ പോകും’
എന്റെ ഈ വളിപ്പ് കേട്ടിട്ട് ഏറ്റവുമധികം ചിരിച്ചത് ഡോക്ടറുടെ ഭാര്യയും മകളുമായിരുന്നു.
‘അത് പോലെ എന്നെ കൊതുക് കടിക്കില്ല. കൊതുക് അതിന്റെ സിറിഞ്ച് പോലെയുള്ള കൊമ്പ് വെച്ച് കുത്തുമ്പോൾ ഈ എല്ല് മാത്രമുള്ള ശരീരത്തിൽ കൊള്ളുമ്പോൾ അതിന്റെ കൊമ്പ് ഒടിയും. അപ്പോൾ ആ ഉദ്യമത്തിൽ നിന്ന് മാറും’
ഇത് കേട്ടപ്പോൾ സ്വതവേ അധികം ചിരിക്കാത്ത ഡോക്ടർ പോലും ചിരിച്ചു.
അല്ല, ഷെരീഫിന് ഇന്നലെ ആ റൂമിൽ കിടന്നപ്പോൾ ഭയം വല്ലതുമുണ്ടായോ?’ ഡോക്ടറുടെ ഭാര്യയുടെ ചോദ്യം
‘ഇല്ല, ഒരു പേടിയുമുണ്ടായില്ല, എന്താ അങ്ങിനെ ചോദിക്കാൻ കാരണം?’ ഞാൻ മറുചോദ്യം ചോദിച്ചു.
‘ഒന്നുമല്ല, ഞങ്ങൾ ആ വീട് വാങ്ങുന്നതിന്ന് മുമ്പ് ആ മുറിയിൽ ഒരു സ്ത്രീ ആൽമഹത്യ ചെയ്തിട്ടുണ്ട്’ ഡോക്ടറാണ് മറുപടി പറഞ്ഞത്.
എനിക്ക് കുറേശ്ശെ വിറക്കാൻ തുടങ്ങി. ഒരു ആൽമഹത്യ ചെയ്ത മുറിയിൽ ഞാൻ ഒറ്റയ്ക്ക് താമസിച്ച കാര്യം ആലോചിക്കുമ്പോൾ ഭയം കൂടി വന്നു.
യാത്രയെല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഡോക്ടർ എന്നോട് പറഞ്ഞു ‘ഷെരീഫിന് ആ റൂമിൽ താമസിക്കാൻ പേടിയുണ്ടെങ്കിൽ ഞാനൊരു ഹോട്ടൽ ബുക്ക് ചെയ്ത് തരാം’.
‘അത് വേണ്ട ഡോക്ടർ’ എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ എന്നാൽ ആ റൂമിൽ ഉറങ്ങേണ്ടെന്നും ഡോക്ടറും ഭാര്യയും ആ റൂമിൽ കിടന്നോളാമെന്നും എന്നോട് ഡോക്ടറുടെ റൂമിൽ കിടന്നോളാനും പറഞ്ഞു. ഞാൻ വേണ്ടെന്നു പറഞ്ഞില്ല.
അന്ന് തീരെ ഉറക്കം വന്നില്ല. പുറത്തേക്ക് നോക്കുമ്പോൾ സെമിത്തേരിയിലെ കല്ലറ തുറന്ന് പ്രേതങ്ങൾ എന്നെ ലക്ഷ്യമാക്കി വരുന്നതാണ് കണ്ടത്. തൂവെള്ള ഫ്രോക്ക് ആണ് അവരുടെ വേഷം. കേരളത്തിലായിരുന്നെങ്കിൽ വെള്ള സാരിയാവുമല്ലോ. അതിൽ ഒരു പ്രേതം എന്റെ റൂം ലക്ഷ്യമാക്കി വരുന്നത് കണ്ടു. തൂവെള്ള ഡ്രസ്സ് ആണ് വേഷം. ദേഹമൊക്കെ നീല നിറവും.
പേടിച്ചത് കൊണ്ട് ഇംഗ്ലീഷ് മറന്നു. മലയാളത്തിൽ തന്നെ ഞാൻ കരഞ്ഞു. ‘ബദരീങ്ങളെ രക്ഷിക്കണേ….’.
ബദർ യുദ്ധത്തിൽ വെച്ച് നബിയും ബദരീങ്ങളും നെരിട്ട് അല്ലാഹുവിനോടാണ് സഹായം തേടിയതെന്ന കാര്യം ഒരു നിമിഷം ഞാൻ മറന്നു.
എന്റെ അട്ടഹാസം കേട്ട് ഡോക്ടറും ഭാര്യയും കൂടി റൂമിലേക്ക് വന്നു.
ഞാൻ കരയാനുണ്ടായ കാര്യം പറഞ്ഞു.
‘ഷെരീഫ്, അത് എന്റെ ഭാര്യ പള്ളിയിൽ പോയി വന്നതാണ്. കൂട്ടത്തിൽ അവരുടെ അപ്പന്റെ കല്ലറയിൽ പോയതാണ്’. ഡോക്ടർ കാര്യം പറഞ്ഞു.
സമാധാനമായി. അപ്പോഴാണ് ഞാനൊരു കാര്യം ഓർത്തത്. ഡോക്ടറുടെ ഭാര്യ ഇംഗ്ലീഷുകാരിയായ ഒരു ക്രിസ്തീയ മതവിശ്വാസിയാണ്.
‘ഷെരീഫ്, എനിക്കും പ്രേതങ്ങളെ പേടിയായിരുന്നു. ഇപ്പോൾ 19 വർഷമായി പ്രേതങ്ങളെ പേടിയില്ല’ ഡോക്ടർ അറബി ഭാഷയിൽ എന്നോട് പറഞ്ഞു.
‘അതെന്താ അങ്ങിനെ?’ എന്ന എന്റെ ചോദ്യത്തിനു ഡോക്ടറുടെ ഭാര്യ കാതറിൻ ആണ് ഇംഗ്ലീഷിൽ മറുപടി പറഞത് ‘ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 19 വർഷം കഴിഞ്ഞു’.
ഡോക്ടറുടെ കൂടെ കുറേ നാളായത് കൊണ്ട് അറബി കേട്ടാൽ മനസ്സിലാക്കാൻ കാതറീന് കഴിയും.
ഞങ്ങളെല്ലാം ഡോക്ടറുടെ തമാശയിൽ ഉള്ളറിഞ്ഞ് ചിരിച്ചു. അതിൽ ഏറ്റവും രസാവഹമായത് ഏറ്റവും കൂടുതൽ ചിരിച്ചത് കാതറിൻ ആയിരുന്നു.
—————————————————
മേമ്പൊടി:
എന്ത് കൊണ്ട് ഗൾഫിൽ പ്രേതങ്ങൾ ഇല്ല, അവിടെ പ്രേതങ്ങളെ ആവാഹിച്ച് ഏഴിലം പാലയിൽ ആണിയടിച്ച് സംഹരിക്കുന്നില്ല?